History

പട്ടത്താനം ഭരതരാജ്ഞി പള്ളിയുടെ ആകർഷകമായ  ചരിത്ര ഏടുകളിലൂടെയുള്ള ഒരു യാത്ര. ആത്മീയ പുരോഗതിയിൽ ആഴത്തിൽ വേരൂന്നിയ ഇടവക സമൂഹം തലമുറകളായി പ്രതിബദ്ധതയുടെയും, സേവനത്തിന്റെയും, ആശ്വാസത്തിന്റെയും ഉറവിടമായി നിലകൊള്ളുന്നു. ഞങ്ങളുടെ ആത്മീയ യാത്രയെ നയിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്ന അഗാധമായ ഒരു പൈതൃകത്തെ അനുസ്മരിക്കാൻ ഞങ്ങളോടൊപ്പം ചേരുക.

പരിശുദ്ധ കന്യകാമറിയത്തിന്റെ തീക്ഷ്ണഭക്തനും കൊല്ലം രൂപതയുടെ മെത്രാനുമായിരുന്ന അഭിവന്ദ്യ  ദൈവദാസൻ ഡോ. ജെറോം ഫെർണാണ്ടസ് തന്റെ ദർശനം; ഭാരതീയ മാതൃക സഭയുമായി ലയിപ്പിക്കുന്ന ഒരു ആത്മീയസങ്കേതം 1973 ൽ സാക്ഷാത്കരിക്കുകയുണ്ടായി. ഭരതരാജ്ഞി എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ദൈവാലയം അദ്ദേഹത്തിന്റെ മഹത്തായ ആദർശങ്ങളുടെ തെളിവാണ്.

ഇന്നു, വളരെ ശ്രേഷ്ഠമായി നിലകൊള്ളുന്ന ഭരതരാജ്ഞി ദേവാലയം പ്രശാന്തതയുടെയും പ്രത്യാശയുടെയും വിളനിലമാണ്. അതിന്റെ പ്രകാശപൂരിതമായ  അൾത്താരയും ബലിപീഠവും, ശാന്തമായ ആന്തരികവും, ആശ്വാസവും ശക്തിയും ദൈവവുമായുള്ള ആത്മബന്ധം തേടുന്ന ഏവരെയും  സ്വാഗതം ചെയ്യുന്നു. ജ്ഞാനസ്നാനം മുതൽ വിവാഹങ്ങൾ, വിടവാങ്ങൽ എന്നിവ വരെ, നമ്മുടെ യാത്രയുടെ സത്തയും ദൈവത്തിന്റെ സാന്നിധ്യവും ഉൾക്കൊള്ളുന്ന ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങൾക്ക് അത് നിശബ്ദമായി സാക്ഷ്യം വഹിക്കുന്നു.   ഓരോ ദിവസം കഴിയുന്തോറും, അത് നമ്മുടെ ജീവിതത്തെ അഗാധമായ ആത്മീയ പൈതൃകത്തിലൂടെ നയിച്ചുക്കൊണ്ടേയിരിക്കുന്നു.

ചാരുതയാർന്ന ഈ ദൈവാലയത്തിന്റെ ആകർഷകമായ ഉത്ഭവം മുതൽ നാം പരിശോധിക്കുമ്പോൾ, ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയ സ്തുത്യർഹമായ നിരവധി സുന്ദര നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മെ തേടിയെത്തുന്നു:

എഴുപതുകളുടെ ആരംഭത്തിലാണ്,  കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജിന്റെ ആത്മീയകാര്യങ്ങൾക്കായി ഒരു ചാപ്പലുണ്ടാകണമെന്ന ആശയം ഉടലെടുത്തതു. സ്ഥലപരിമിതിമൂലം,  ക്രിസ്തുരാജ് സ്കൂളിന്റെ ക്ലാസ്സ്മുറികളിലാണ്  ആദ്യകാലഘട്ടത്തിൽ ദിവ്യബലി അർപ്പിച്ചിരുന്നത്. അക്കാലത്തു,  കോളേജ് ഹോസ്റ്റൽ വാർഡനായിരുന്ന ഫാ. എം. ആന്റണിയാണ് ഈ പ്രദേശത്ത് ഒരു ക്രിസ്ത്യൻ സമൂഹം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. ക്രമേണ, പട്ടത്താനത്തും പരിസര പ്രദേശത്തും പഠനപരവും ഔദ്യോഗികപരവുമായ കാരണങ്ങളാൽ വിശ്വാസികൾ വർധിച്ച തോതിൽ കുടികയറി പാർക്കാൻ ആരംഭിച്ചു. vതത്ഫലമായി, ഒരു ദേവാലയ നിർമാണത്തിനുള്ള ആവശ്യകത ഉടലെടുത്തു. തുടർന്നു, ഫാത്തിമ കോളേജിനും സെയിന്റ് തോമസ് ഹോസ്റ്റലിനും മദ്ധ്യേയുള്ള വിസ്തൃതമായ ഭൂമി ദൈവാലയ നിർമ്മിതിക്കായി കൊല്ലം രൂപത നൽകപ്പെട്ടു. വിശ്വാസികളുടെ കൂട്ടായ ശ്രമവും അഭ്യുദയകാംക്ഷികളിൽ നിന്നുള്ള അകമഴിഞ്ഞ സംഭാവനകളും ഉപയോഗിച്ച് ആധുനിക ശൈലിയിലുള്ള ഒരു പള്ളിയുടെ നിർമാണം 1969 ൽ ആരംഭിച്ചു. കൊല്ലം രൂപതമേലധ്യക്ഷനും, വലിയ മരിയഭക്തൻകൂടിയായ, ദൈവദാസൻ റവ. ഡോ. ജെറോം ഫെർണാണ്ടസ് ഈ ആരാധനാലയം വിഭാവനം ചെയ്യുകയും തുടർന്ന്,  സഭയുടെ ഭാരതീയവൽക്കരണം എന്ന അദ്ദേഹത്തിന്റെ തത്വത്തിക ചിന്തയുടെ  ഭാഗമായി; ഭരത രാജ്ഞി ചർച്ച് എന്ന് നാമത്തിൽ കൂദാശ നിർവ്വഹിക്കപ്പെടുകയും ചെയ്തു.

ഭാരതരാജ്ഞി ഇടവകയുടെ കീഴിൽ വരുന്ന പ്രദേശം മുൻകാലങ്ങളിൽ തുയ്യം, തോപ്പ് ഇടവകകളുടെ ഭാഗമായിരുന്നു. ഭാരതീയ സ്ത്രീത്വത്തിന്റെ തനത് വസ്ത്രമായ സാരിയുടുത്ത മാതാവിന്റെ ലാവണ്യപൂരിതമായ തിരുസ്വരൂപം ഇന്ന് നാം കാണുന്ന മാതൃകയിൽ രൂപകല്പന ചെയ്തു. കാലങ്ങളായി, ഈ തിരുസ്വരൂപം ഒരു സ്വർഗ്ഗീയ അടയാളമായി പരിണമിച്ചു, സൗന്ദര്യസമ്പന്നമായ മാതൃത്വത്തിന്റെ ആദര്ശ പ്രതീകമായി നമ്മെ വഴി നടത്തുന്നു. 1994 ജൂൺ 19-ന് ഇത് ഒരു സ്വതന്ത്ര ഇടവകയായി സ്ഥാപിക്കപ്പെട്ടു.